ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയെന്ന സ്ഥാനം മൈക്രോസോഫ്ടിന് നഷ്ടമായി. ആപ്പിളാണ് പുതിയ താരം. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് മൈക്രോസോഫ്ടിനെ കടത്തിവെട്ടി ആപ്പിള്‍ കമ്പനി മുന്നിലെത്തിയത്.
അമേരിക്കന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നാസ്ഡാക്വില്‍ ആപ്പിളിന്റെ ഓഹരിമൂല്യം ബുധനാഴ്ച 2.8 ശതമാനം ഉയര്‍ന്നതോടെയാണ്, മൈക്രോസോഫ്ട് പിന്നിലായത്. അന്നത്തെ കച്ചവടം അവസാനിക്കുമ്പോള്‍ ആപ്പിളിന്റെ വിപണിമൂല്യം 22,200 കോടി ഡോളറും, മൈക്രോസോഫ്ടിന്റേത് 21,900 കോടി ഡോളറുമായി.
രണ്ടു പതിറ്റാണ്ടിലേറെയായി ടെക്‌നോളജി രംഗത്ത് പ്രതിയോഗികളാണ് ആപ്പിളുംമൈക്രോസോഫ്ടും. 1990-കളില്‍ വിന്‍ഡോസിന്റെ ബലത്തില്‍ മൈക്രോസോഫ്ട് കമ്പനി വന്‍കുതിപ്പ് നടത്തുമ്പോള്‍, ആപ്പിള്‍ ശരിക്കും തകര്‍ച്ചയുടെ വക്കത്തെത്തിയിരുന്നു.
എന്നാല്‍, പുതിയ നൂറ്റാണ്ടില്‍ ആപ്പിള്‍ പുറത്തിറക്കിയ ഐപോഡ്, ഐഫോണ്‍, മാക്ബുക്ക് ലാപ്‌ടോപ്പുകള്‍ തുടങ്ങിയ നൂതനമായ ഉത്പന്നങ്ങളാണ് കമ്പനിയെ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നത്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്ത് ആപ്പിള്‍ സൃഷ്ടിച്ചത് ശരിക്കും വിപ്ലവം തന്നെയായിരുന്നു.
ആപ്പിളിന്റെ പുതിയ ഉത്പന്നമായ ഐപാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറും അമേരിക്കന്‍ വിപണിയില്‍ വന്‍ഹിറ്റായിരിക്കുകയാണ്. പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെയും മാധ്യമ ബിസിനസിന്റെയും രൂപം തന്നെ മാറ്റാന്‍ ഐപാഡ് നിമിത്തമായേക്കാമെന്നാണ് വിലയിരുത്തല്‍.
അതേസമയം, വെബ്ബിന്റെ പ്രാധാന്യം ഏറുകയും ടെസ്‌ക്ടോപ്പ് ആപ്ലിക്കേഷനുകളുടെ ആധിപത്യം അവസാനിക്കുകയും ചെയ്തതോടെ മൈക്രോസോഫ്ടിന്, പഴയ വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുക വെല്ലുവിളിയായി. ലോകത്താകെയുള്ള കമ്പ്യൂട്ടറുകളില്‍ 90 ശതമാനത്തിലും മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കിലും, പഴയ വളര്‍ച്ചാനിരക്ക് കമ്പനിക്ക് ഇപ്പോള്‍ സാധ്യമാകുന്നില്ല.
ആപ്പിള്‍ ഓഹരികളുടെ മൂല്യം ഇപ്പോല്‍ പത്തുവര്‍ഷത്തേതിലും പത്തുമടങ്ങ് കൂടുതലാണ്. അതേസമയം, മൈക്രോസോഫ്ടിന്റെ ഓഹരികളുടെ മൂല്യം പത്തുവര്‍ഷത്തേതിലും 20 ശതമാനം കുറവാണ് ഇപ്പോള്‍.
ഇതിന് മുമ്പ് വിപണിമൂല്യത്തിന്റെ കാര്യത്തില്‍ മൈക്രോസോഫ്ടിനെ കടത്തിവെട്ടി ഒരിക്കല്‍ ആപ്പിള്‍ മുന്നിലെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു; 1989 ഡിസംബര്‍ 19-നായിരുന്നു.
No comments:
Post a Comment