Thursday, 22 March 2012

മൊബൈല്‍ ഗെയിമിങില്‍ ഇനി ത്രിജി വിപ്ലവം




ഇന്ത്യയില്‍ മൊബൈല്‍ ഗെയിം വ്യവസായത്തിന് ചാകരക്കാലമാണിനി. മൂന്നാം തലമുറ മൊബൈല്‍ സര്‍വീസിന്റെ വരവോടെ ചില്ലറ'ക്കളി'യല്ല ഗെയിമിങ് രംഗത്തു നടക്കാനിരിക്കുന്നത്.

ത്രിജി സാങ്കേതിക വിദ്യ ഒപ്പംകൊണ്ടുവരിക വിസ്മയിപ്പിക്കുന്ന ഗെയിമിങ് ശേഷിയാണ്. കമ്പ്യൂട്ടറില്‍ മുമ്പു കളിച്ചിരുന്ന ഗെയിമുകള്‍ മാത്രമല്ല, സാങ്കേതിക തികവും ഗുണനിലവാരവുമുള്ള ഗെയിമുകളും അതേ മേന്മയോടെ ഇനി ഹാന്‍ഡ്‌സെറ്റില്‍ കൊണ്ടുനടന്നു കളിക്കാം. യാത്രയുടെ വിരസതയ്ക്കിടയിലോ സ്വന്തം മുറിയുടെ മടുപ്പിലോ ഒറ്റയ്ക്കിരുന്നാണ് മുമ്പ് മൊബൈല്‍ ഗെയിം കളിച്ചിരുന്നതെങ്കില്‍ ഇനി ദൂരയെവിടെയോ ഉള്ള സുഹൃത്തിനേയും ഒപ്പം കൂട്ടാം.

ത്രിജി കൊണ്ടുവരുന്നത് കരുത്തുറ്റ വിവര വിനിമയ ശേഷിയാണ്. നല്ല ബാന്‍ഡ് വിഡ്ത്തുള്ള കണക്ടിവിറ്റി ഉണ്ടാവുന്നതോടെ അപ്‌ലിങ്കിങ്, ഡൗണ്‍ലിങ്കിങ് വേഗം കൂടും. 14 എം.പി വരെ ഡൗണ്‍ലോഡിംഗ് വേഗം കൈവരിക്കാനാവും ത്രിജി സാങ്കേതിക വിദ്യക്ക്. ശബ്ദവും ഡാറ്റയും ഒരുമിച്ചു കൈമാറ്റം ചെയ്യലും എളുപ്പമാവും. അതോടെ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് മൊബൈല്‍ഫോണില്‍ സാധ്യതയേറും. ഗുണനിലവാരമുള്ള വലിപ്പമേറിയ ഗെയിമുകള്‍ വേഗത്തിലും എളുപ്പത്തിലും ഡൗണ്‍ലോഡു ചെയ്യാം.

വലിയ സ്‌ക്രീനും നല്ല മെമ്മറിയും പ്രോസസിങ് ശേഷിയുമുള്ള ഹൈ എന്‍ഡ് മൊബൈല്‍ സെറ്റുകളില്‍ ത്രിജി കൂടിയാവുമ്പോള്‍ ഗെയിമിങ് അനുഭവം മാറിമറിയും. ഇത്തരം സൗകര്യങ്ങളുള്ള സെറ്റുകള്‍ കുറഞ്ഞ വിലയുള്ള ബ്രാന്‍ഡുകളില്‍ കൂടി ലഭ്യമായിത്തുടങ്ങിയതോടെ അതിന്റെ നേട്ടം സാധാരണക്കാരന് പ്രാപ്യമാവും. മൊബൈല്‍ ഗെയിമിങ് വ്യവയസായത്തിന്റെ വളര്‍ച്ചയ്ക്ക് ഇത് വഴിതുറക്കും. സാധാരണ ഗെയിമിങ്ങില്‍ ഏര്‍പ്പെടുന്ന ആളെക്കാള്‍ ത്രിജി ഉപഭോക്താവ് മൂന്ന് നാല് ഇരട്ടി സമയം ഗെയിം കളിക്കാന്‍ പതിവായി ചെലവഴിക്കുമെന്ന് ഗെയിം നിര്‍മാതാക്കാള്‍ കണക്കുകൂട്ടുന്നു.



മൊബൈല്‍ മൂല്യവര്‍ധിത സേവനങ്ങളുടെ വിപണി 45 ബില്യണ്‍ ഡോളറിന്റേതാണ്. നാലുവര്‍ഷത്തിനകം രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 80 കോടിയാകുമെന്നാണ് കണക്ക്. ആകെയുള്ള മൊബൈല്‍ ഉപയോക്താക്കളില്‍ 12 ശതമാനം പേരേ ഇപ്പോള്‍ മൊബൈല്‍ ഗെയിം കളിക്കുന്നുള്ളൂ. ഇതില്‍ത്തന്നെ രണ്ടു ശതമാനത്തില്‍ താഴെ മാത്രം പേരേ ഗെയിം മൊബൈല്‍ വഴി ഡൗണ്‍ലോഡ് ചെയ്യുന്നുള്ളൂ. ഈ മേഖലയ്ക്കുള്ള അപാരമായ വളര്‍ച്ചാ സാധ്യതയെയാണിത് കാട്ടുന്നതെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പഠനം വിലയിരുത്തുന്നു.

ഗെയിം കളിക്കുന്നവരും മാറുകയാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് പ്ലാറ്റ്‌ഫോമുകളിലുള്ള ഗെയിമുകളുടെ ഇന്ത്യന്‍ പതിപ്പുകള്‍ വേണമെന്നാണ് കളിപ്രിയരുടെ ആവശ്യം. ഇന്‍ ഗെയിം മൈക്രോ ട്രാന്‍സാക്ഷന്‍ പോലുള്ളവ ഗെയിമില്‍ ആളുകളെ പിടിച്ചിരുത്താന്‍ പോന്നവയാണ്.


ഗെയിമിങ് വെറും 'ഗെയി'മല്ല


ഇന്ത്യന്‍ വീഡിയോ ഗെയിം വിപണി വളര്‍ച്ച തുടങ്ങിയിട്ടേയുള്ളൂ. എന്നാല്‍ ആ വഴിയിലെ ഓരോ ചുവടും ഒരു വന്‍ കുതിപ്പാണ്. കളിയൊരുക്കാന്‍ തലപുകയ്ക്കുന്നവര്‍ കോടികളാണ് ഈ മേഖലയില്‍ വിതയ്ക്കുന്നതും കൊയ്യുന്നതും.



ഇന്ത്യന്‍ സോഫ്റ്റ്‌വേര്‍ വ്യവസായ രംഗത്തെ സംഘടനയായ 'നാസ്‌കോമി' ന്റെ റിപ്പോര്‍ട്ട് പ്രകാരം 2008 ല്‍ ഇന്ത്യന്‍ ഗെയിമിങ് വ്യവസായം 690 കോടി രൂപയുടേതായിരുന്നു. എന്നാല്‍ 2012 ഓടെ ഇത് 3819 കോടി രൂപയുടേതാവും. 53 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാവും അന്ന് ഈ മേഖല രേഖപ്പെടുത്തുക.

ശതകോടി ഡോളറുകളുടേതാണ് ഗെയിമിങ് മേഖലയിലെ ആഗോള വിപണി. ഇതിലെ ഇന്ത്യന്‍ വിഹിതം രണ്ടു ശതമാനത്തില്‍ താഴെയും. കൈവശമുള്ള 'ആയുധങ്ങള്‍' ഫലപ്രദമായി ഉപയോഗിച്ചാല്‍ ഇന്ത്യയ്ക്കു വലിയ സാധ്യതയാണുള്ളതെന്ന് നാസ്‌കോം റീജണല്‍ ഡയറക്ടര്‍ പുരുഷോത്തമന്‍ ചൂണ്ടിക്കാട്ടുന്നു.

പാശ്ചാത്യ രാജ്യങ്ങളിലേതിനു സമാനമായ ഉത്പന്നങ്ങളൊരുക്കാന്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ 60 ശതമാനം കുറഞ്ഞ ചെലവുമതി. നല്ല ഇംഗ്ലീഷ് ഉപയോഗിക്കാനുള്ള കഴിവ് നമുക്കുണ്ട്. ഗെയിമുകളില്‍ പ്രമേയമാക്കാന്‍ പറ്റുന്ന മിത്തുകളുടെയും ഇതിഹാസങ്ങളുടെയും സമ്പന്നശേഖരമാണ് നമുക്കുള്ളത്. എന്നാല്‍ സര്‍ഗശേഷിയും സാങ്കേതികവിദ്യയും ഒരേപോലെ പ്രയോജനപ്പെടുത്തുന്നതില്‍ നമുക്കുള്ള പരിമിതി പ്രശ്‌നമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

No comments:

Post a Comment