ദൃശ്യമാധ്യമരംഗത്ത് വന്‍വിപ്ലവം തന്നെ വരുത്താന്‍ കാരണമായേക്കാവുന്ന ഈ ഗൂഗിള്‍ പദ്ധതിയെക്കുറിച്ച് മുമ്പു തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടെലിവിഷനിലൂടെ സെര്‍ച്ച് സാധ്യമാക്കാന്‍ കഴിയുന്ന പുതിയ സങ്കേതം 'ഡിഷ് നെറ്റ്‌വര്‍ക്ക് കോര്‍പ്പറേഷനു'മായി സഹകരിച്ച് ഗൂഗിള്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഗൂഗിളിന്റെ ആ നീക്കം ശരിയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'ഗൂഗിള്‍ ടിവി' (Google TV) എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധാനം വികസിപ്പിക്കാനാണത്രേ, ചിപ്പ് നിര്‍മാതാക്കളായ ഇന്റലും (Intel), ടെലിവിഷന്‍ ഉള്‍പ്പടെയുള്ള കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്തെ ഭീമനായ സോണിയും (Sony) എന്നിവയുമായി ഗൂഗിള്‍ കൈകോര്‍ക്കുന്നത്.
ടിവി വഴി നെറ്റ് കിട്ടാനുള്ള ഒരു സങ്കേതം ആപ്പിള്‍ (Apple) കമ്പനി മുമ്പ് തയ്യാറാക്കിയെങ്കിലും അതിന് വലിയ ചലനം സൃഷ്ടിക്കാനായില്ല. എന്നാല്‍, ടിവിയില്‍ മാത്രമല്ല ബ്ലൂറേ പ്ലെയറുകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള സങ്കേതത്തിനാണ് ഗൂഗിള്‍ രൂപംനല്‍കുന്നതെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
ഗൂഗിള്‍ രൂപംനല്‍കുന്ന സെറ്റപ്പ് ബോക്‌സിന്റെ സഹായത്തോടെ ടിവി ചാനലുകള്‍ക്കൊപ്പം ഇന്റര്‍നെറ്റും ടിവിയില്‍ ലഭ്യമാകും. ടിവിയില്‍ക്കൂടി സെര്‍ച്ച് ചെയ്യാനും സൗഹൃദക്കൂട്ടായ്മാ (സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്) സൈറ്റുകള്‍ കാണാനും, യൂടൂബ് വീഡിയോകള്‍ വീക്ഷിക്കാനും, ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാനും സാധിക്കും. ടിവിയെ ഇതുവരെയില്ലാത്ത സാധ്യതകളുടെ ഉയരത്തിലേക്കെത്തിക്കാന്‍ പുതിയ സങ്കേതം സഹായിക്കുമെന്ന് സാരം.
പുതിയ സെറ്റപ്പ് ബോക്‌സിന് രൂപം നല്‍കാനായി ഗൂഗിളും ഇന്റലും സോണിയും ടെക്‌നോളജി നിര്‍മാതാക്കളായ 'ലോഗിടെകി' (Logitech)നെയാണ് ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. സെറ്റപ്പ് ബോക്‌സിന്റെ റിമോട്ട് കണ്‍ട്രോളും കീബോര്‍ഡും ലോഗിടെക് ആണ് നിര്‍മിക്കുക.
പുതിയ പദ്ധിക്കായുള്ള പ്രവര്‍ത്തനം മാസങ്ങളായി നടന്നു വരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുതിയ സംവിധാനം ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാകും പ്രവര്‍ത്തികയെന്നു കരുതുന്നു. ഇന്റലിന്റെ ആറ്റം ചിപ്പ്‌സായിരിക്കും സെറ്റപ്പ് ബോക്‌സിലുണ്ടാവുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.
പരസ്യത്തിന്റെ രംഗത്തും പുതിയൊരു വഴിത്തിരിവായിരിക്കും ഗൂഗിള്‍ ടിവി എന്നു കരുതുന്നു. ഇന്റര്‍നെറ്റ് പരസ്യങ്ങളുടെ വിഹിതം അമേരിക്കയിലും യൂറോപ്പിലും ഇപ്പോള്‍ മറ്റ് രംഗത്തെ വിഹിതത്തെ അതിജീവിച്ചു കഴിഞ്ഞു. ടിവിയില്‍ക്കൂടി ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ വരുന്നതോടെ കഥ വീണ്ടും മാറും.
No comments:
Post a Comment