Thursday, 22 March 2012

കേരളത്തിനായി ഗൂഗിള്‍ ടെക്‌നോളജി യൂസര്‍ഗ്രൂപ്പ്‌





കേരളത്തിനു മാത്രമായി ഒരു ഗൂഗിള്‍ ടെക്‌നോളജി യൂസര്‍ ഗ്രൂപ്പ്. ഗൂഗിളിന്റെ കിടിലന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന, ഗൂഗിളിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസ് ഉപയോഗപ്പെടുത്തിയുള്ള വികസനത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാ കേരളീയര്‍ക്കും ഒത്തുചേരാനൊരിടം.

നോക്കിയയുടെ ബാംഗ്ലൂരിലെ ഗവേഷണ വികസനകേന്ദ്രത്തില്‍ ആര്‍ക്കിടെക്ടും മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യുബള്‍ പ്രൊഫഷണലുമായ ശ്രീജുമോനാണ് ഈ ഗ്രൂപ്പിന്റെ സൃഷ്ടാവ്. ഗൂഗിള്‍ ബാംഗ്ലൂര്‍ കേന്ദ്രത്തിലെ ഡെവലപ്പര്‍ പ്രോഗ്രാംസ് എന്‍ജിനീയര്‍ അനാഷ് ഉമ്മനടക്കം നിരവധി പേര്‍ ഗ്രൂപ്പിന് പിന്തുണയായുണ്ട്.

ഗ്രൂപ്പിന്റെ ആദ്യ ഒത്തുചേരല്‍ ഈ മാസം പത്തിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വെച്ചു നടക്കും. ടെക്‌നോപാര്‍ക്കിലെ ഭവാനിയുടെ ആറാംനിലയിലുള്ള സെനിത്ത് ഹാളിലാണ് പരിപാടി. ഗ്രൂപ്പിനെ പരിചയപ്പെടുത്തലിനൊപ്പം സോഫ്റ്റ്‌വേര്‍ വികസനമേഖലയില്‍ ഗൂഗിളിന്റെ സാന്നിദ്ധ്യം ഉളവാക്കിയ മാറ്റങ്ങള്‍, ഗൂഗിള്‍ പൊടിക്കൈകള്‍, ഓര്‍ക്കൂട്ട്/ഓപ്പണ്‍ സോഷ്യല്‍ എ.പി.ഐ., വെബ് മാസ്റ്റര്‍മാര്‍ക്കായുള്ള ഗൂഗിള്‍ ടൂളുകള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകളും പ്രസന്റേഷനുകളും നടക്കും.

സ്ഥാപകാംഗം ശ്രീജുമോനു പുറമെ, ഗൂഗിളിലെ അനാഷ് ഉമ്മന്‍, ഡോട്ട് നെറ്റ് കണ്‍സള്‍ട്ടന്റായ പ്രസീദ് പൈ, ടെക്‌നോപാര്‍ക്കിലെ സോഫ്റ്റ്‌വേര്‍ ഇന്‍കുബേറ്ററില്‍ സീനിയര്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറും സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റ്‌മൈസേഷന്‍ മേഖലയില്‍ വിദദ്ധനുമായ രാജേഷ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിക്കും. ഗൂഗിള്‍ സാങ്കേതികതകളില്‍ താത്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സമ്മാനങ്ങളുമുണ്ട്. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment